കൊച്ചി: സംസ്ഥാനത്തെ പോലീസ് സ്റ്റേഷന് ചുമതലയിലേക്ക് എസ്ഐമാര്‍ മടങ്ങിയെത്തുന്നതോടെ കേസ് അന്വേഷണങ്ങള്‍ക്കു വേഗം കൂടും. നിലവിലെ സ്റ്റേഷന് ചുമതലയില്‍നിന്ന് ഒഴിവാക്കപ്പെടുന്ന 206 ഇന്‍സ്പെക്ടര്‍മാരെ ക്രൈംബ്രാഞ്ച്, സ്പെഷല്‍ ബ്രാഞ്ച്, വിജിലന്‍സ് തുടങ്ങിയ പ്രത്യേക വിഭാഗങ്ങളിലേക്കു മാറ്റി നിയമിക്കുന്നതോടെയാണിത്.
കൂടുതല്‍ ഉദ്യോഗസ്ഥരെത്തുന്നതു കേസ് അന്വേഷണങ്ങള്‍ക്ക് വേഗം കൂട്ടുമെന്നതിനൊപ്പം അന്വേഷണം നിലച്ച പലകേസുകള്‍ക്കും ജീവന് വയ്ക്കുമെന്നുമാണ് പ്രതീക്ഷ. 210 പോലീസ് സര്ക്കിളുകളാകും പുതിയ പരിഷ്കാരത്തിന്റെ ഭാഗമായി രൂപവത്കരിക്കുക.
സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സംവിധാനം മടങ്ങിവരുന്നതോടെ, നിലവില്‍ ഓരോ സ്റ്റേഷന്റെ മാത്രം ചുമതലയുണ്ടായിരുന്ന ഇന്‍സ്പെക്ടര്‍മാര്‍ (എസ്എച്ചഒ) ഇനി പഴയതുപോലെ മൂന്നോ നാലോ സ്റ്റേഷനുകളുടെ മേല്‍നോട്ട ചുമതലയുള്ള സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാരായി (സിഐ) മാറും. ഇതോടെ സ്റ്റേഷന്റെ ദൈനംദിന ജോലികളില്‍നിന്നും ക്രമസമാധാന പ്രശ്നങ്ങളില്‍ നിന്നും ഇവര്‍ ഒഴിവാകും. ഗുരുതരമായ കേസുകളുടെ അന്വേഷണത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഇതിലൂടെ കഴിയും.
യുവ ഉദ്യോഗസ്ഥരായ എസ്ഐമാര്‍ക്ക് നേരിട്ട് ഭരണച്ചുമതല ലഭിക്കുന്നതു താഴെത്തട്ടിലുള്ള പോലീസ് പ്രവര്‍ത്തനങ്ങള്‍ക്കും രാത്രികാല പട്രോളിംഗിനും ഉള്‍പ്പെടെ കൂടുതല്‍ വേഗം നല്‍കുമെന്നാണു സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.
ഇന്‍സ്പെക്ടര്‍മാര്‍ ഔദ്യോഗിക മീറ്റിംഗുകളിലോ ക്രമസമാധാന ഡ്യൂട്ടികളിലോ ആയിരിക്കുമ്പോള്‍ സ്റ്റേഷന്‍ഭരണം തടസപ്പെട്ടിരുന്ന അവസ്ഥയ്ക്ക് എസ്ഐമാര്‍ സ്റ്റേഷന് ഭരണത്തിലേക്കു വരുന്നതോടെ മാറ്റം വരും.
സ്റ്റേഷനിലെ ഫയല്‍ നീക്കങ്ങള്‍, ജനറല്‍ ഡയറി കൈകാര്യം ചെയ്യല്‍, പരാതികളില്‍ നേരിട്ടുള്ള അടിയന്തര നടപടികള്‍ എന്നിവ പൂര്‍ണമായും എസ്ഐയുടെ നിയന്ത്രണത്തിലാകും. സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് ഡ്യൂട്ടി നിശ്ചയിക്കാനുള്ള പൂര്‍ണ അധികാരവും ഇനി എസ്ഐക്ക് ആകും.
സംസ്ഥാനത്ത് ആകെയുള്ള 478 പോലീസ് സ്റ്റേഷനുകളില്‍ 414 സ്റ്റേഷനുകളിലാണ് ഓഗസ്റ്റ് 15 മുതല്‍ എസ്ഐമാര്‍ക്കു ചുമതല ലഭിക്കുക. 64 സ്റ്റേഷനുകളില്‍ സിഐമാര്‍ തുടരും. നഗര കേന്ദ്രീകൃതമായതും പ്രതിവര്‍ഷം കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതുമായ 64 പ്രധാന സ്റ്റേഷനുകളിലാണ് സിഐമാര്‍ തുടരുന്നത്.